അനധികൃതമായി സ്വര്‍ണ്ണം കടത്തിയ രണ്ട് പേരെ ദില്ലിയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പപ്പായക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

ബാങ്കോങ്ങില്‍ നിന്ന് എത്തിയ പ്രതികള്‍ ഹാന്‍ഡ് ബാഗിനുള്ളില്‍ സൂക്ഷിച്ച പപ്പായക്കുള്ളില്‍ നിന്നാണ് രണ്ടരക്കിലോയോളം തൂക്കം വരുന്ന സ്വര്‍ണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പപ്പായയുടെ ചെറിയ ഭാഗം മുറിച്ച് മാറ്റി ഉള്ളില്‍ സ്വര്‍ണ്ണം നിറച്ച ശേഷം പപ്പായക്കഷ്ണം ചേര്‍ത്ത് ഒട്ടിച്ചാണ് പ്രതികള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണ‌ര്‍ ഗോവിന്ദ് ഗാര്‍ഗ് പറഞ്ഞു.പപ്പായയോടൊപ്പം സംശയം തോന്നാതിരിക്കാനായി ആപ്പിളും പേരക്കയും ഇവര്‍ ബാഗില്‍ സൂക്ഷിച്ചിരുന്നു പഞ്ചാബിലെ ഗുര്‍ദാസ്‌പൂര്‍ സ്വദേശികളായ പ്രതികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തി സ്വര്‍ണ്ണവ്യാപാരികള്‍ അടക്കമുള്ളവര്‍ക്ക് വില്‍ക്കുന്ന മാഫിയയിലെ കണ്ണികളാന്നും സംഘത്തില്‍പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.