വിഷു- ഈസ്റ്റര്‍ സീസണായതോടെ സംസ്ഥാനത്ത് എക്സൈസും പൊലീസും പരിശോധന കര്‍ശനമാക്കി. കോഴിക്കോട് റെയില്‍വേ പോലീസും ആര്‍പിഎഫും സംയുക്തമായി തീവണ്ടിയില്‍ നടത്തിയപരിശോധനയില്‍ രണ്ടേകാല്‍ കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. വടകരയിൽ എക്സൈസിന്റെ വാഹന പരിശോധനയിൽ 14 ലക്ഷം രൂപ കണ്ടെടുത്തു.

പൂനെയില്‍ നിന്ന് എറണാകുളത്തേക്കുള്ള പൂര്‍ണ്ണ എക്സ്പ്രസിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്.ബല്‍ഗാം സ്വദേശി  നസ്റുള്‍ ഇസ്ളാം ഷെയ്ഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള റെയില്‍വേ പൊലീസും ആര്‍പിഎഫും ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് ട്രെയിനുകളില്‍ പരിശോധന നടത്തിയത്. മംഗലാപുരം മുതലായിരുന്നു പരിശോധന.
എസ് അഞ്ച് കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന നസ്റുള്‍ ഇസ്ളാം ഷെയ്ക്കിന്‍റെ ബാഗ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടിയത്.

പൂനെയില്‍ നിന്ന് തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്വര്‍ണ്ണാഭരണങ്ങള്‍ എന്ന് പൊലീസിന് വിവരംകിട്ടിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ വടകരയില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനയില്‍ രേഖകളില്ലാത്ത 15 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുറമേരി സ്വദേശി ഇര്‍ഷാദ് അറസ്റ്റിലായി. രണ്ടായിരം രൂപയുടെ നോട്ടുകളാണ് എക്സൈസ് കാറില്‍ നിന്ന് പിടികൂടിയത്.