കൊച്ചിയിൽ രേഖകളില്ലാതെ എത്തിച്ച 88ലക്ഷം രൂപയുടെ സ്വർണ്ണം ബിസ്ക്കറ്റ് പിടികൂടി. ചരക്ക് സേവന നികുതി വകുപ്പിന്‍റെ ഇന്‍റലിജൻസ് വിഭാഗമാണ് മഹാരാഷ്ട്ര സ്വദേശി യശ്വന്ത് ജാദവിൽ നിന്ന് സ്വർണ്ണം പിടിച്ചെടുത്തത്. ജ്വല്ലറിയികളിലേക്ക് കൈമാറാൻ എത്തിച്ചതെന്നാണ് സ്വർണ്ണമെന്നാണ് സൂചനകള്‍.

കൊച്ചി ടിബി റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു ചരക്ക് സേവന നികുതി വകുപ്പിന്‍റെ ഇന്‍റലിജൻസ് വിഭാഗം. ക്യാരിബാഗുമായി ഈ വഴി നടന്ന് പോകുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി യശ്വന്ത് ജാദവിൽ നിന്നാണ് 88ലക്ഷം രൂപ വില വരുന്ന 3000 ഗ്രാം സ്വർണ്ണം കണ്ടെടുത്തത്.

3000ഗ്രാം സ്വർണ്ണത്തിന്‍റെ രേഖകൾ ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ ഇയാൾക്ക് നോട്ടീസ് നൽകി. സ്വർണ്ണം ഒരു കോടി രൂപക്ക് താഴെയായതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുണ്ടാകില്ല. ഉടമസ്ഥരെത്തും വരെ സ്വർണ്ണം ജില്ലാ ട്രഷറിലാകും സൂക്ഷിക്കുക.