കൊച്ചി: പെരുമ്പാവൂരില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മറ്റൊരു ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശിനി ഫൗസിയയാണ് പെരുന്പാവൂര്‍ പൊലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂര്‍ ഫവാസ് ജ്വല്ലറി ഉടമ സലീമിനെ കബളിപ്പിച്ച് 30 കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലാണ് ഫൗസിയ അറസ്റ്റിലായത്.
സലീമിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഫവാസ് ജ്വല്ലറിയും ടെക്സ്റ്റൈല്‍സും ഏറ്റെടുത്ത് അവതാർ ജ്വല്ലറി എന്ന പേരിൽ പുതിയ ജ്വല്ലറി തുടങ്ങാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മാസങ്ങൾ കഴിഞ്ഞിട്ടും ജ്വല്ലറി തുടങ്ങാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
കേസില്‍ ഒന്നാം പ്രതിയും ഫൗസിയയുടെ ഭര്‍ത്താവുമായ അബ്ദുള്ളയെ പോലീസ് ഇതേ കേസിൽ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയും ഫൗസിയയുടെ മകനുമായ ഫാരിസ് ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
