തൃശൂര്‍: കുര്യച്ചിറയില്‍ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് മൂന്നുകിലോ സ്വര്‍ണം കവര്‍ന്നു. കുര്യച്ചിറ സ്വദേശി ആന്റോയെയാണ് കാറിലെത്തിയ നാലംഗ സംഘം ആക്രമിച്ച് സ്വര്‍ണ്ണവുമായി കവര്‍ന്നത് 

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ കുര്യച്ചിറയിലുള്ള സ്വര്‍ണാഭരണ ശാലയില്‍ നിന്നും സ്വര്‍ണാഭരണവുമായി റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ജീവനക്കാരനായ ആന്റോ. പതിവായി പണിതീര്‍ന്ന ആഭരണങ്ങള്‍ ട്രെയിന്‍ മാര്‍ഗ്ഗമാണ് ഓര്‍ഡറുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. 

ബൈക്കില്‍ സ്വര്‍ണാഭരണവുമായി പോവുകയായിരുന്ന ആന്റോയെ കുര്യച്ചിറ പള്ളിയ്ക്ക് സമീപം കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി. ആഭരണങ്ങള്‍ കവര്‍ന്നു. നാലുപേര്‍ സംഘത്തിലുണ്ടായിരുന്നതായാണ് ആന്റോ പറയുന്നത്. നെടുപുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. 

മുമ്പും ഈ മേഖലയില്‍നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടിട്ടുണ്ട്. സമാന രീതിയിലുള്ള മോഷണ കേസുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്