കൊച്ചി: വിജിലൻസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ കവർച്ചാ സംഘം വീട്ടിൽ നിന്ന് അറുപത് പവൻ കവർന്നു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂർ തെറ്റിക്കോട്ടു ലെയ്നിൽ പാലിപ്പറമ്പിൽ സിദ്ദിഖിന്‍റെ വീട്ടിലെത്തിയ കവർച്ചാ സംഘമാണ് സ്വർണവുമായി കടന്നത്. എട്ടംഗസംഘത്തിൽ ഒരാൾ പൊലീസ് വേഷത്തിലായിരുന്നു.
തൃശൂരിൽ നിന്നുളള വിജിലൻസ് സംഘമാണെന്നാണ് സിദ്ധിഖിനോട് പറഞ്ഞത്. മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയശേഷം വീടുമുഴുവൻ അരിച്ചുപെറുക്കി. സ്വർണവും ഇരുപതിനായിരം രൂപയും സംഘം കൈക്കലാക്കി. മകളുടെ കല്യാണത്തിനായി വാങ്ങിയ സ്വർണമാണെന്ന് സിദ്ധിഖ് പറഞ്ഞപ്പോൾ അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു മറുപടി.
പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് സ്വർണവും പണവുമായി പുറത്തേക്കിറങ്ങിയ കവർച്ചാ സംഘം സിദ്ധിഖിന്‍റെ വാഹനങ്ങളുടെ താക്കോലും വാങ്ങി. ഇവർ പോയതിന് പിന്നാലെ സിദ്ധിഖ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി. അവിടെയെത്തിയപ്പോഴാണ് കവർച്ചക്ക് ഇരയായെന്ന് മനസിലായത്. ഉടൻ പൊലീസിൽ പരാതി നൽകി. സിദ്ധിഖിന്‍റെ വീടിനെപ്പറ്റിയും സാഹചര്യങ്ങളെപ്പറ്റിയും മനസിലാക്കിയാണ് കവർച്ചാസംഘം എത്തിയതെന്നാണ് കരുതുന്നുത്.
