കൊച്ചി: രേഖകളില്ലാതെ മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച നാല് കിലോ സ്വർണ്ണം ചരക്ക് സേവന നികുതി വകുപ്പ് പിടിച്ചെടുത്തു. കൊച്ചി നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മുംബൈ സ്വദേശികളിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്. ഇന്ന് വൈകീട്ട് മുംബൈയിൽ നിന്നെത്തിയ ഗരീബ്രഥ് എക്സ്പ്രസിൽ വന്ന മുംബൈ സ്വദേശികളായ അമിത്, കിഷോർ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഒരു കോടി 16ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വർണം.
രേഖകളില്ലാത്ത സ്വർണവുമായി രണ്ട് പേർ വരുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചരക്കുസേവന നികുതി വകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയത്. ആഭരണങ്ങളായാണ് സ്വർണം എത്തിച്ചത്. നഗരത്തിലെ വിവിധ ജ്വല്ലറികൾക്ക് വിൽക്കാനായിരുന്നു സ്വർണം എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ആർക്കുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നത് കസ്റ്റഡിയിലുള്ളവർ വെളിപ്പെടുത്തിയിട്ടില്ല. ഇവരിൽ ഒരാൾ ജിഎസ്ടി രജിസ്ട്രേഷൻ ഉള്ളയാളാണ്. മൂന്ന് ശതമാനം നികുതിയും മൂന്ന് ശതമാനം പിഴയും അടച്ചാൽ സ്വർണം വിട്ടുനൽകുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. അല്ലാത്ത പക്ഷം ഇത് സർക്കാരിലേക്ക് മുതൽക്കൂട്ടും.
