കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കഴിഞ്ഞ മാസം മാത്രം 12 കിലോയുടെ അനധികൃത സ്വർണം വിമാനത്താവളത്തിൽ നിന്ന് പിടികൂടിയെന്ന് കസ്റ്റംസ് അറിയിച്ചു.

ഒരിടവേളയ്ക്ക് ശേഷം നെടുന്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് ശക്തമാവുകയാണ്. ഇൻഡിഗോ വിമാനത്തിൽ ദുബായിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ യാത്രക്കാരൻ ഗ്രീൻ ചാനലിലൂടെ പോകാൻ ശ്രമിക്കുന്പോൾ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ പരിശോധിക്കുകയായിരുന്നു. ഇയാൾ കൊണ്ടുവന്ന സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 132 പവൻ സ്വർണം. സ്വർണം ഒളിപ്പിച്ച രീതിയിൽ നിന്ന് ഇയാൾ പ്രൊഫഷണൽ കാരിയറാകാം എന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

സൗദി എയർലൈൻസിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് 2 ലക്ഷം രൂപ വില വരുന്ന സ്വർണം പിടിച്ചത്. ട്യൂബിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്ക്കറ്റ്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 12 കിലോ സ്വർണം പിടികൂടിയതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തവിധം വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.