പാലക്കാട്: നികുതി അടക്കാതെ ബസ്സില്‍ കടത്തിയ അരക്കോടി വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി.സ്വര്‍ണാഭരണങ്ങള്‍ കടത്തിയ തൃശൂര്‍ സ്വദേശി ജോസിനെ കസ്റ്റഡിയിലെടുത്തു. 

തൃത്താല എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് കിലോയോളം തൂക്കം വരുന്ന സ്വര്‍ണം തൃശ്ശൂരിലെ ജ്വല്ലറിയില്‍ വില്‍പ്പനക്ക് കൊണ്ട് പോവുകയായിരുന്നു.

പിടിച്ചെടുത്ത സ്വര്‍ണം വില്‍പ്പന നികുതി വിഭാഗത്തിന് കൈമാറിയതായി എക്‌സൈസ് അറിയിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് വാളയാറില്‍ വന്‍ തോതില്‍ സ്വര്‍ണാഭരണങ്ങള്‍ പിടികൂടുന്നത്. കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന കെ.എസ്.ആര്‍.ടി സി ബസ്സിലാണ് സ്വര്‍ണം കടത്തിയിരുന്നത്.