Asianet News MalayalamAsianet News Malayalam

ശുദ്ധജലം ലഭ്യമാക്കാൻ സ്കൂളുകളിൽ "നല്ല വെള്ളം, നല്ല പാത്രം" പദ്ധതി

  • പ്ലാസ്റ്റിക് ഉപേക്ഷിച്ച് സ്റ്റീൽ, പളുങ്ക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കണം
Good Water and Good Pottery Scheme for Schools to provide fresh water

കോഴിക്കോട്:  ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് (സ്റ്റുഡന്‍റ്റ് ആർമി ഫോർ വിവിഡ് എൻവയൺമെന്‍റ്) "നല്ല വെള്ളം, നല്ല പാത്രം' എന്ന ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നു. ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്. ജലജന്യരോഗങ്ങളും വൃക്കരോഗങ്ങളും പെരുകുന്ന നാട്ടിൽ ശുദ്ധജലം  ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ബോധവത്ക്കരണം നടത്തും.

ഭൂരിപക്ഷം വിദ്യാർത്ഥികളും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി‍യിട്ടുണ്ട്. പലരും ഇതിൽ ചൂടുവെള്ളം ഒഴിച്ചാണ് ഉപയോഗിക്കുന്നത്. ഇവ ഉപേക്ഷിച്ച് സ്റ്റീൽ, പളുങ്ക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കാൻ "നല്ല വെള്ളം, നല്ല പാത്രം" പദ്ധതിയിലൂടെ പ്രേരിപ്പിക്കും. ക്രമേണ മുഴുവൻപേരും പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപേക്ഷിച്ചു എന്ന് ഉറപ്പുവരുത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് മാനാഞ്ചിറ ഗവൺമെൻറ് ടിടിഐ യുപി സ്കൂളിൽ നടക്കും. സ്കൂളിലെയും ടിടിഐ യിലെയും മുഴുവൻ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും സ്റ്റീൽ വാട്ടർ ബോട്ടിലുകളിലേക്ക് മാറിയതിനുശേഷമാകും പദ്ധതിയുടെ ഉദ്ഘാടനം നടക്കുക. 

Follow Us:
Download App:
  • android
  • ios