കത്വ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ്
ദില്ലി: കത്വയില് ക്രൂരപീഡനമേറ്റ് കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ ഗൂഗിളിനും സോഷ്യല് മീഡിയ ഫ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര് എന്നിവയ്ക്കും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില് മെയ് 29ന് കോടതി വാദം കേള്ക്കും. എന്നാല്, കമ്പനിയുടെ ഇന്ത്യന് പ്രതിനിധികള് ഇക്കാര്യത്തില് പ്രതികരിക്കാന് തയ്യാറായില്ല.
എട്ടുവയസ്സുകാരിയുടെ പേര് വെളിപ്പെടുത്തുന്നവർക്ക് ആറു മാസം വരെ തടവ് ശിക്ഷയെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പേര് പറഞ്ഞ മാധ്യമ സ്ഥാപനങ്ങൾ 10 ലക്ഷം രൂപ അടക്കണവെന്ന് കോടതി വിധിച്ചിരുന്നു. ഈ തുക പെണ്കുട്ടിയുടെ കുടുംബത്തിന് നൽകാനായിരുന്നു കോടതിയുടെ തീരുമാനം. ഇനി പേര് വെളിപ്പെടുത്തിയാൽ ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.
ഈ വര്ഷം ജനുവരിയിലാണ് എട്ടുവയസുകാരി പെണ്കുട്ടിയെ കത്വയിലെ ക്ഷേത്രത്തില് വെച്ച് ദിവസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില് എട്ട് പ്രതികളാണ് ഉള്ളത്. പെണ്കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര് ടേക്കറാണ് മുഖ്യ ആസൂത്രകന്. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര് വെര്മ, പര്വേഷ് കുമാര്, വിശാല് ജംഗോത്ര, ഒരു പ്രായപൂര്ത്തിയാകാത്തയാള് തുടങ്ങിയവരാണ് പ്രതികള്. തട്ടിക്കൊണ്ടുപോകല്, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ കൂട്ട ബലാത്സംഗ കേസിന്റെ വിചാരണ സുപ്രീം കോടതി കശ്മീരിന് പുറത്ത് മാറ്റിയിരുന്നു. വിചാരണ പത്താൻകോട്ടിലേക്കാണ് മാറ്റിയത്. പെണ്കുട്ടിയുടെ കുടുംബത്തിന്റെ ഹര്ജി പരിഗണിച്ചാണ് തീരുമാനം.
