ദില്ലി: അഴിമതി ആരോപണം നേരിടുന്ന ദില്ലി ഗതാഗത മന്ത്രി ഗോപാല്‍ റായി ഗതാഗത വകുപ്പ് ഒഴിഞ്ഞു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗോപാല്‍ റായിയുടെ രാജി. അതേസമയം, ജലവിഭവ, തൊഴില്‍ വകുപ്പുകള്‍ റായി ഒഴിഞ്ഞിട്ടില്ല. പൊതുമരാമത്ത്-ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനിന് ഗതാഗതവകുപ്പിന്റെ അധിക ചുമതല നല്‍കിയിട്ടുണ്ട്.
ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടത്തിന് മുമ്പ് പ്രീമിയം ബസ് സര്‍വ്വീസിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി ഗോപാല്‍ റായി ദില്ലി പൊലീസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് മുമ്പാണ് ഗതാഗതവകുപ്പ് ഒഴിഞ്ഞത്.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അസിം അഹമ്മദ് ഖാനും വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തെ തുടര്‍ന്ന് ജിതേന്ദ്ര തോമറും നേരത്തെ കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിനിടെ ഇരട്ട പദവി ബില്‍ രാഷ്‌ട്രപതി തിരിച്ചയച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ദില്ലിയിലെ പരാജയം ഉൾക്കൊള്ളാൻ പറ്റാത്തതിനാലാണ് നരേന്ദ്ര മോദി ഭരിക്കാൻ അനുവദിക്കാത്തതെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, കെജ്രിവാൾ എന്നാണ് ഭരിച്ചിട്ടുള്ളതെന്ന്ബിജെപി വക്താവ് സംബിത് പാത്ര ചോദിച്ചു. മൂന്ന് നേരവും മോദി മോദി എന്നു പറയുക മാത്രമാണ് കെജ്രിവാളിന്റെ ജോലിയെന്നും രാഷ്‌ട്രപതിയുടെ തീരുമാനത്തെ രാഷ്‌ട്രീയവത്കരിക്കരുതെന്നും സാംബിത് പാത്ര പറഞ്ഞു.
പ്രതിഫലം പറ്റുന്ന ഇരട്ട പദവിയുടെ നിര്‍വചനത്തില്‍ നിന്ന് പാര്‍ലമെന്ററി സെക്രട്ടറിയെ ഒഴിവാക്കി ദില്ലി നിയമസഭ പാസാക്കിയ ബില്‍ കഴിഞ്ഞ ദിവസം
രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചത് ഇരുപത്തിയൊന്ന് എഎപി എംഎല്‍എമാര്‍ അയോഗ്യരായേക്കുമെന്ന ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.
