ലക്നോ: ഗോരക്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ച്ചയ്‌ക്കിടെ ജപ്പാന്‍ ജ്വരത്താല്‍ മരിച്ചവരുടെ എണ്ണം 75 ആയി. തിങ്കളാഴ്ച നാലു കുട്ടികളാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.വൈകീട്ടോടെയാണ് നാലു കട്ടികളുടെ മരണം ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ കൈക്കുഞ്ഞുമുണ്ട്. ഒരാഴ്ച്ചയ്‌ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 40 ആയി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചതിന് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച്ചയ്‌ക്കും ഏഷ്യാനെറ്റ് ന്യൂസ് സംഘം സാക്ഷിയായി.

ആശുപത്രി പരിസരത്ത് ആംബുലന്‍സ് ഉണ്ടായിട്ടും അനുവദിക്കാതെ ജപ്പാന്‍ ജ്വരം ബാധിച്ച പെണ്‍കുട്ടിയെ സ്ട്രെട്രെച്ചറില്‍ ഉന്തി റോഡ് മുറിച്ചു കടന്നാണ് എക്‌സ് റേ പരിശോധന കേന്ദ്രത്തിലെത്തിച്ചത്. വാഹനങ്ങള്‍ക്കിയിലൂടെ 500 മീറ്റര്‍ സഞ്ചരിച്ച് എക്‌സ്റേ സെന്ററിലെത്തിയപ്പോള്‍ ആളില്ലെന്നും പറഞ്ഞ് തിരിച്ചയച്ചു

ദുരന്തത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. നാലാഴ്ചചയ്‌ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ മാസം ഒമ്പതിനും പത്തിനും ഓക്‌സിജന്‍ വിതരണത്തില്‍ തടസമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ മരണം ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് സ്വമേധയാ കേസെടുക്കണമെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.