ഗൊരഖ്പൂര്‍: കുട്ടികളുടെ ശവപ്പറമ്പായി മാറിയ ഗൊരഖ്പൂരിൽ ദുരിതം തീരുന്നില്ല. ഓക്സിജൻ കയറ്റുന്ന ട്യൂബ് മുതൽ ഭക്ഷണം വരെ പുറത്ത് നിന്ന് വാങ്ങേണ്ട നിസ്സഹായാവസ്ഥയിലാണ് രോഗികളുടെ ബന്ധുക്കൾ. മൂന്ന് പതിറ്റാണ്ടിനിടെ 50,000 ത്തോളം കുട്ടികളാണ് ഗൊരഖ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ മരിച്ചത്. അഞ്ച് വർഷത്തിനിടെ മരിച്ചത് മൂവായിരത്തോളം കുട്ടികൾ.

ഗോരഖ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ ഈ വർഷം മാത്രം മരിച്ചത് 166 കുട്ടികൾ. കഴിഞ്ഞ വർഷം മരിച്ചത് 641 പേർ. മസ്തിഷ്ക വീക്കവും ജപ്പാൻ ജ്വരവുമാണ് കുട്ടികളുടെ ജീവനെടുക്കുന്നത്. മുപ്പത് വർഷത്തിനിടെ 50,000 ത്തോളം കുട്ടികളാണ് ഗൊരഖ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. 

മരണക്കണക്ക് പുറത്തു വരുമ്പോഴും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ആശുപത്രി അധികൃതർ 37 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 20 വർഷം ഗോരക്പൂരിന്റെ എംപിയായിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നടപടിക്കായുള്ള കാത്തിരിപ്പ് നീളുകയാണ്. 

അതിനിടെ ഗോരഖ്പൂരിൽ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ ബന്ധുക്കൾക്ക് ഭക്ഷണം പുറത്ത് നിന്ന് കഴിയ്ക്കേണ്ട അവസ്ഥ. ഓക്സിജൻ കയറ്റുന്ന ട്യൂബ് അടക്കമുള്ളവ വാങ്ങാൻ സ്വയം പണം കണ്ടെത്തണം.