തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ വ്യക്തമാക്കി. അതേ സമയം നിലവില്‍ പൊലീസ് മേധാവി ആരാണെന്ന പ്രതിപക്ഷനേതാവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ചീഫ് സെക്രട്ടറിക്കെതിരായ സെന്‍കുമാറിന്റെ കോടതിയലക്ഷ്യകേസ് വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

സെന്‍കുമാര്‍ കേസില്‍ ഇനി ഏറ്റുമുട്ടലിനില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം. ഓണ്‍ലൈനില്‍ വിധിപകര്‍പ്പ് വന്നത് മുതല്‍ നിയമനത്തിനുള്ള നടപടി ചീഫ് സെക്രട്ടറി തുടങ്ങി. ജനവികാരം അറിഞ്ഞായിരുന്നു സെന്‍കുമാറിനെ മാറ്റിയത്. എന്നാല്‍ സുപ്രീം കോടതി നിലപാടെടുത്തതോടെ അംഗീകരിക്കാതെ പറ്റില്ല. എന്നാല്‍ നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉത്തരവന് വൈകാനുള്ള കാരണമെന്ന സര്‍ക്കാര്‍ ന്യായീകരണം പ്രതിപക്ഷം തള്ളി. വിധി വന്ന് എട്ട് ദിവസമായിട്ടും നടപ്പാക്കതെ ബോധപൂര്‍വ്വം വൈകിപ്പിക്കുന്നു. ഇത്രനാള്‍ പൊലീസിന് നാഥനില്ലാത്തെ സ്ഥിതി മുമ്പുണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ആരാണ് നിലവിലെ പൊലീസ് മേധാവിയെന്ന് ചെന്നിത്തലയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ നിന്നും പിണറായി ഒഴിഞ്ഞുമാറി

പുറ്റിങ്ങല്‍ കേസാണ് സെന്‍കുമാറിനെ മാറ്റാനുള്ള കാരണമെങ്കില്‍ ബെഹ്റയെ ഇക്കാലയളവില്‍ എത്രതവണ മാറ്റണമായിരുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. സെന്‍കുമാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതിനിടെ ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.