കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന്‍. എന്നാല്‍ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ അന്വേഷണശേഷം മാത്രമെ കേസ് വിജിലന്‍സിനുവിടു. ആദിവാസി ഭൂമി തട്ടിപ്പിനെകുറിച്ചുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

പട്ടികവര്‍ഗ്ഗ വകുപ്പുമന്ത്രി മന്ത്രി വിളിച്ചുചേര്‍ത്ത വകുപ്പുദ്യോഗസ്ഥരുടെ അവലോകനയോഗത്തിനുശേഷമായിരുന്നു തീരുമാനം. ആദിവാസികള്‍ക്ക് ഭൂമി വാങ്ങിതന്നതില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട് എന്നാല്‍ അതിന്റെ ആഴമറിയണമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തണം. 

ഇതിനായാണ് പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തുന്നത്. ഇതിന്റെ വെളിച്ചത്തിലായിരിക്കും വിജിലന്‍സ് അന്വേഷണത്തിലേക്ക് പോവുക.

ഉപയോഗശൂന്യമായ ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കിയതെങ്കില്‍ വാങ്ങികൊടുത്ത മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ജില്ലയിലെ മുഴുവന്‍ ആദിവാസി പ്രശ്‌നങ്ങളെകുറിച്ചും മന്ത്രി ചര്‍ച്ച നടത്തി . ഭവനനിര്‍മ്മാണം പാതിവഴിയിലുപേക്ഷിച്ച മുഴുവന്‍ കരാറുകാരോടും രണ്ടുമാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാവശ്യപ്പെടും.

കഴിഞ്ഞില്ലെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എകെ ബാലന്‍ പറഞ്ഞു. ജില്ലയിലെ എംഎല്‍എ മാരായ എ കെ ശശീന്ദ്രന്‍ ഒ കേളു ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.