ആലപ്പുഴ: പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാട്, പൊതു സ്വകാര്യ ഉടമസ്ഥതയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മെഡിക്കല്‍ കോളജിനെതിരെ ഇടതുമുന്നണി രംഗത്ത്. സ്വകാര്യ മെഡിക്കല്‍ കോളജാണെങ്കില്‍ അതിന്റെ ബാധ്യത എന്തിനാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്ക് ചോദിക്കുന്നു. നിയമം ലംഘിച്ച് ഒരിഞ്ച് സ്ഥലം പോലും നികത്താന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണു ഹരിപ്പാട്ട് പൊതു - സ്വകാര്യ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ നീക്കം തുടങ്ങിയത്. 11 കിലോമീറ്ററപ്പുറം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തിക്കുമ്പോഴാണു പുതിയ മെഡിക്കല്‍ കോളജ് എന്ന ആശയം. വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 18നു റവന്യൂവകുപ്പ് ഉത്തരവിറക്കി. ആകെ ഏറ്റെടുക്കുന്ന 879.31 ആര്‍ ഭൂമി, അതായത്2171 സെന്റ്. ഇത് മുഴുവനും വയലാണ്. വയല്‍ നികത്താനുള്ള കര്‍ശന നിയമം പാലിക്കാതെ ഒരിഞ്ച് ഭൂമി നികത്താന്‍ അനുവദിക്കില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു.
തുടങ്ങാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളേജിന്റെ ബാധ്യത സര്‍ക്കാരാണ് ഏറ്റെടുക്കേണ്ടത്. സ്വകാര്യ മെഡിക്കല്‍ കോളേജാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്വകാര്യ വ്യക്തികള്‍ തന്നെ പണം മുടക്കണമെന്നും ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഹരിപ്പാട് തുടങ്ങാനുദ്ദേശിക്കുന്ന മെഡിക്കല്‍ കോളേജ് തട്ടിപ്പാണെന്നും പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു.
