ടി പി സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഇതോടൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. സര്‍ക്കാരുമായി ഏറ്റുമുട്ടാനില്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി.
ടി പി സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനത്ത് പുനര്‍നിയമനം നല്‍കാന്‍ ഏപ്രില്‍ 27നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സെന്‍കുമാറിനെതിരെയുള്ള അടുത്ത നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയത്. കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കൊപ്പം വിധിയില്‍ വ്യക്തയും ഭേദഗതിയും ആവശ്യപ്പെട്ടുള്ള അപേക്ഷയും സര്‍ക്കാര്‍ സമര്‍പ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ ഒരുകാലത്തും നിയമിക്കാത്ത സാഹചര്യത്തില്‍ സെന്‍കുമാറിന് ആ പദവിയില്‍ എങ്ങനെ പുനര്‍നിയമനം നല്‍കും എന്നതാണ് സര്‍ക്കാരിന്‍റെ ചോദ്യം. 2015 മെയ് 22ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ സംസ്ഥാന പൊലിസിന്‍റെ ചുമതലയുള്ള ഡിജിപിയായാണ് നിയമിച്ചത്. സംസ്ഥാന പൊലീസിന്‍റെ ചുമതലയുള്ള ഡിജിപിയും പൊലീസ് മേധാവിയും രണ്ടും രണ്ടാണ്. പൊലീസ് മേധാവിയെ നിയമിക്കുന്നത് കേരള പൊലീസ് നിയമത്തിലെ 18-ാം വകുപ്പ് പ്രകാരമാണ്. സെന്‍കുമാറിനെ നിയമിച്ചത് ആ നിയമം അനുസരിച്ചല്ല. എന്നാല്‍ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയത് പൊലീസ് നിയമത്തിലെ 18-ാം വകുപ്പ് പ്രകാരമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഈ വസ്തുത പരിശോധിക്കാതെയാണ് സുപ്രീംകോടതി വിധിയെന്നും വിധിയില്‍ ഭേദഗതി വരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നുമാണ് അപേക്ഷയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഇതോടൊപ്പം ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ച 2016 ജൂണ്‍ 1ലെ സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കോടതി തീരുമാനം മറ്റ് സ്ഥലംമാറ്റങ്ങളെ ബാധിക്കുമോ എന്നതിലാണ് സര്‍ക്കാര്‍ വ്യക്തത തേടുന്നത്.
ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കാന്‍ പോകുന്നത്. ആ ഹര്‍ജിക്കൊപ്പം വിധിയില്‍ വ്യക്തതതേടിയുള്ള അപേക്ഷ കൂടി എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
