ഡി.ജി.പി ടി.പി സെൻകുമാറും സർക്കാരുമായി വീണ്ടും നിയമ യുദ്ധത്തിന് വഴിയൊരുങ്ങുന്നു. തനിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ഡി.ജി.പി കോടതിയെ സമീപിച്ചേക്കും. അതേ സമയം തനിക്കെതിരെ പരാതി നല്‍കിയ എ.ഐ.ജി ഗോപാകൃഷ്ണനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സെൻകുമാർ വീണ്ടും സർക്കാരിന് കത്തു നൽകാനും സാധ്യതയുണ്ട്.
പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഗോപാലകൃഷ്ണൻ നാല് വർഷം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോള്‍ സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഐ.ജിയായിരുന്നപ്പോള്‍ സെൻകുമാർ കീഴുദ്യോഗസ്ഥനായ തന്റെ കോണ്‍ഫിഷ്യല്‍ റിപ്പോർട്ടിൽ മോശം പരാമർശങ്ങള്‍ എഴുതിച്ചേർക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ഗോപാലകൃഷണന്റെ പരാതിയിലാണ് നിയമപടികള്‍ തുടരാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ സെൻകുമാർ ആരംഭിച്ചുവെന്നാണ് സൂചന. സുപ്രീംകോടതി ഉത്തരവോടെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ സെൻകുമാറും സർക്കാരുമായി ഇതോടെ പുതിയ യുദ്ധത്തിനാണ് വഴി തുറക്കുന്നത്.
സെൻകുമാറിനെതിരെ ഇനിയും സർക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകുമെന്ന സൂചനകളും വരുന്നുണ്ട്. കോണ്‍ഫിഡന്‍ഷ്യൽ റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ വർഷങ്ങള്‍ പഴക്കമുള്ള ഒരു പരാതിയിൽ ഇപ്പോള്‍ ഡി.ജി.പി നടപടി സ്വീകരിച്ചതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ട്. ഇത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. സെൻകുമാറും ഗോപാകൃഷണനും തമ്മിലുള്ള ഏറ്റമുട്ടൽ തുടങ്ങിയിട്ട് വർഷങ്ങളായി. ഐ.പിഎ.സ് ഉദ്യോഗസ്ഥനായ ഗോപാകൃഷ്ണനെതിരായ കേസുകളും ആരോപണങ്ങളും സി.ബി.ഐക്ക് നൽകണമെന്ന് സെൻകുമാർ ആദ്യം പൊലീസ് മേധവിയായിരിക്കെ സർക്കാരിന് കത്തു നൽകിയിരുന്നു. ഇതോടെയാണ് ഏറ്റമുട്ടൽ മുറുകിയത്. തന്റെ കത്തിൽ നടപടി വേണമെന്ന ആവശ്യവുമായി സെൻകുമാർ വീണ്ടും സർക്കാരിനെ സമീപിക്കാനും സാധ്യതയുണ്ട്. സെൻകുമാർ തിരിച്ചെത്തിയശേഷം പൊലീസ് ആസ്ഥാനത്തുനിന്നും അവധിയില്‍ പോയ ഗോപാലകൃഷ്ണൻ ഇപ്പോള്‍ വിദേശത്താണ്.
