ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. നേരത്തെ റിസര്‍വ് ബാങ്കും ഇസ്ലാമിക് ബാങ്കിംഗ് പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. പലിശ ഈടാക്കില്ല എന്നതാണ്  ഇസ്ലാമിക് ബാങ്കിംഗിന്റെ പ്രത്യേകത. 

ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. കാരണം ഇന്ത്യയൊരു മതേതര-ജനാധിപത്യ രാജ്യമാണ് - വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

ചില സംഘടനകളും വ്യക്തികളും ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കണമെന്നൊരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ആവശ്യങ്ങള്‍ നടപ്പാക്കുവാന്‍ രാജ്യത്ത് വൈവിധ്യമാര്‍ന്ന സര്‍ക്കാര്‍-ബാങ്കിംഗ് സംവിധാനം നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല.