ദോക്ലാം മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറില്ലെന്ന് മുതിര്‍ന്ന മന്ത്രിമാരെ അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ സര്‍ക്കാരിനൊപ്പം നില്‌ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു

ഇന്ത്യാ ചൈന തര്‍ക്കം നയതന്ത്ര തലത്തില്‍ പരിഹരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. രാവിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് വിദേശകാര്യമന്ത്രാലയം ചൈനീസ് അതിര്‍ത്തിയിലെ സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്കിയിരുന്നു. ഇന്ത്യ ദോക്ലാം മേഖലയില്‍ നിന്ന് പിന്‍മാറില്ല എന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ മന്ത്രിമാരോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം പുറത്തിറക്കിയത്. ഇന്ത്യന്‍ സൈന്യം പിന്‍മാറില്ല എന്ന് മന്ത്രിമാരോട് പറഞ്ഞതായുള്ള വാര്‍ത്തകള്‍ ശരില്ലെന്ന് മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ അതിര്‍ത്തിയിലെ സ്ഥിതി സര്‍ക്കാര്‍ വിശദീകരിച്ചു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും, സെക്രട്ടറി എസ്. ജയശങ്കറും യോഗത്തില്‍ പങ്കെടുത്തു. പ്രശ്ന പരിഹാരത്തിന് സഹായകരമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം വ്യക്തമായ വശദീകരണം നല്കാന്‍ സര്‍ക്കാരിന് ആയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ കുറ്റപ്പെടുത്തി.