നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. നിലവിലെ വേതനവര്‍ദ്ധന ന്യായമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം നഴ്‌സുമാര്‍ പണിമുടക്ക് തുടങ്ങിയാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളുടെ ജോലിഭാരം കൂടുകയും ചെയ്യും. ഇതിനിടെ സമരം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള തീരുമാനിക്കാന്‍ ഇന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം തൃശൂരില്‍ ചേരും.
വേതന വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തില്‍ ന്യായമുണ്ടെന്ന് കണ്ടാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്. മിനിമം വേതനം 20,000 രൂപയാക്കണമെന്ന ആവശ്യം അംഗീകരിച്ചൂവെന്നും പണിമുടക്കിയുള്ള സമരത്തെ പിന്തുണയ്‌ക്കാനാകില്ലെന്നും ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വേതനം ഇനിയും കൂട്ടിക്കൊടുക്കാനാകാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തി ഉണ്ടോ എന്നാണ് സര്‍ക്കാര്‍ ചോദ്യം. ഇപ്പോഴത്തെ വര്‍ദ്ധനവ് തന്നെ താങ്ങാനാകുന്നതല്ലെന്നും ചികിത്സാ ചെലവേറുമെന്നും വ്യക്തമാക്കുന്ന മാനേജ്മെന്റുകള്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെടുത്തിയിട്ടാണെങ്കിലും സമരത്തെ നേരിടാനുള്ള നീക്കത്തിലാണ്.
ആവശ്യങ്ങളിലും പണിമുടക്ക് സമരത്തിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് നഴ്‌സുമാരും വ്യക്തമാക്കുന്നു. അതേസമയം ചികിത്സ മുടങ്ങുന്ന ഘട്ടത്തില്‍ കോടതി ഇടപെടല്‍ അടക്കം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും മാനേജ്മെന്റുകളും. മാത്രവുമല്ല പൊതുജന വികാരവും നഴ്‌സുമാര്‍ക്ക് എതിരാകുമന്നും ഇവര്‍ കണക്കുകൂട്ടുന്നു.
