മന്ത്രിസഭാ തീരുമാനം മറച്ചുവെയ്‌ക്കുന്നുവെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്ത്രിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനം രഹസ്യ രേഖയല്ല. അത് ഒളിച്ചുവെയ്‌ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. ഇത്തരമൊരു പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. നിയമത്തിന്റെ അന്തഃസത്ത മുഴുവന്‍ ഉള്‍ക്കൊണ്ടാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവെന്ന് കരുതാനാവില്ല. മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനത്തില്‍ ഉത്തരവ് ഇറങ്ങിയ ശേഷമേ വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുള്ളൂ. ഇക്കാര്യം വളരെ വ്യക്തമാണെന്നിരിക്കെ എന്തുകൊണ്ട് വിവരാവകാശ കമ്മീഷണര്‍ മറിച്ചൊരു ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിലൊരു വ്യക്തതയ്‌ക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പിണറായി അവകാശപ്പെട്ടു. 

എന്നാല്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ പിണറായിയുടെ വിശദീകരണത്തെ അപ്പാടെ ഖണ്ഡിച്ചു. ഭരണാധികാരിയുടെ വേഷമിട്ടപ്പോള്‍ പിണറായിക്ക് രഹസ്യങ്ങളുണ്ടായി. മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ പോലും ചോദ്യം ചെയ്യാന്‍ തുടങ്ങി. തീരുമാനങ്ങള്‍ പലതും ഒഴിച്ചുവെയ്‌ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.