ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥിനെതിരെ വിമര്‍ശനം ഉന്നയിച്ച് എഡിറ്റോറിയല്‍ എഴുതിയ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. യോഗി ആതിഥ്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കുവാന്‍ തീരുമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിച്ചത്. എന്നാല്‍ ഇത്തരം എഡിറ്റോറിയലുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രം വിമര്‍ശിച്ചു.
എല്ലാ എഡിറ്റോറിയലുകളും അഭിപ്രായങ്ങളും വിഷയസംബന്ധമാണ്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്‍റെ യോഗിയെക്കുറിച്ചുള്ള അഭിപ്രായം ഇത്തരത്തില്‍ കാണുവാന്‍ സാധിക്കില്ല. ന്യൂയോര്‍ക്ക് ടൈംസിന്‍റെ അഭിപ്രായം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയിലെ ജനധിപത്യ പ്രക്രിയയുടെ ആത്മാര്‍ത്ഥതയെയാണ് ചോദ്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്, വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്ലെ ദില്ലിയില്‍ അറിയിച്ചു.
ഹിന്ദു തീവ്രവാദികള്‍ക്കായി മോദിയുടെ നീക്കം എന്ന പേരിലാണ് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ എഴുതിയത്. യോഗിയുടെ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയെന്ന് എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. 2014 ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വികസന അജണ്ടയുമായി മുന്നോട്ട് വന്ന മോദിയുടെ ഹിന്ദു അജണ്ടയിലേക്കുള്ള തിരിച്ചുപോക്കാണ് പുതിയ സംഭവം എന്നും എഡിറ്റോറിയല്‍ പറയുന്നു.
