പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടനക്കായുള്ള ആലോചനകള്‍ തുടങ്ങി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎയുടെ സഹ കണ്‍വീനറാക്കുമെന്നാണ് സൂചന. ഇരുവിഭാഗങ്ങളുടെ ഏകീകരണത്തിന് ശേഷം അണ്ണാ ഡിഎംകെയും മന്ത്രിസഭയില്‍ എത്താനുള്ള ശ്രമം നടത്തുന്നുണ്ട്.

പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതലയായിട്ടാണ് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍ഡിഎ സഖ്യം കൂടി മുന്നില്‍ കണ്ടായിരിക്കും മന്ത്രിസഭ പുനഃസംഘടന ഉണ്ടാവുക. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ എന്‍ഡിഎ സഹ കണ്‍വീനറാകാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ക്ഷണിച്ചു. നിതീഷ് ഇതിന് തയ്യാറായാല്‍ കേന്ദ്ര മന്ത്രിസഭയിലും ജെഡിയുവിന് പ്രാതിനിധ്യം നല്‍കിയേക്കും. തമിഴ്നാട്ടില്‍ നിന്ന് അണ്ണാഡിഎംകെയില്‍ ഇപ്പോഴത്തെ ഇരുപക്ഷവും ഏകീകരണത്തിന് ശേഷം മന്ത്രിസഭയില്‍ ഇടംകണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങി ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനസംഘടന. കേരളത്തില്‍ നിന്ന് ആരെങ്കിലും മന്ത്രിസഭയില്‍ ഇടംകണ്ടെത്തുമെന്നതില്‍ വ്യക്തതയില്ല. മന്ത്രിസഭ പുനഃസംഘടനക്ക് ശേഷം ബിജെപിയില്‍ സംഘടനപരമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വെങ്കയ്യ നായിഡു ഉപരാഷ്‌ട്രപതിയായ സാഹചര്യത്തില്‍ ബിജെപി പാര്‍ലമെന്‍റി ബോര്‍ഡിലേക്ക് പുതിയൊരു അംഗത്തെ കൂടി ഉള്‍പ്പെടുത്തും.