കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂളില്‍ കുട്ടികളുടെ എണ്ണം ഇരട്ടിയായി
കോഴിക്കോട്:നഷ്ടകണക്ക് പറഞ്ഞ് മാനേജ്മെന്റുകള് അടച്ചുപൂട്ടുകയും പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും ചെയ്ത സംസ്ഥാനത്തെ നാലു സ്കൂളുകളും തിരിച്ചുവരവിന്റെ പാതയിലാണ്. കോഴിക്കോട്ടെ മലാപ്പറമ്പ് സ്കൂളില് കുട്ടികളുടെ എണ്ണം ഇരട്ടിയായി. 33 സെന്റ് ഭൂമിയുടെ കച്ചവട സാധ്യത മാത്രം കണ്ട് സ്കൂള് കെട്ടിടം ഇടിച്ചുനിരത്തിയ മാനേജര്, ഇതേ സ്ഥലത്ത് നാട്ടുകാരുടെ മുന്കൈയില് 45 ദിവസം കൊണ്ട് കെട്ടിപ്പൊക്കിയ പുതിയ കെട്ടിടം, സ്കൂള് ഏറ്റെടുക്കാനായി സര്ക്കാര് നടത്തിയ നിയമപോരാട്ടം, എല്ലാറ്റിനുമൊടുവില് വിജയത്തിന്റെ പടി കയറുകയാണ് മലാപ്പറമ്പ് സ്കൂള്.
അടച്ചുപൂട്ടുമ്പോള് 44കുട്ടികള് മാത്രമുണ്ടായിരുന്ന സ്കൂളില് ഇപ്പോള് 85 കുട്ടികള് പഠിക്കുന്നു. അഞ്ചു കോടി 85 ലക്ഷം രൂപ നല്കിയാണ് സര്ക്കാര് സ്കൂള് ഏറ്റെടുത്തത്. സമാനമായ വിജയകഥയാണ് മലപ്പുറം മങ്ങാട്ടുമുറി സ്കൂളിനും തൃശൂരിലെ കിരാലൂര് സ്കൂളിനും പറയാനുളളത്. മങ്ങാട്ടുമുറി സ്കൂള് മാനേജരുമായി സര്ക്കാര് നടത്തിയത് 10 വര്ഷം നീണ്ട നിയമയുദ്ധം. ഒടുവില് മാനേജരുടെ വാദം സുപ്രീം കോടതിയും തളളിയതോടെയാണ് സ്കൂള് സര്ക്കാര് ഉടമസ്ഥതയിലേക്കെത്തിയത്. തൃശൂരിലെ കിരാലൂര് സ്കൂളിലാകട്ടെ കുട്ടികളുടെ എണ്ണം 27ല് നിന്ന് 60ല് എത്തി. കോഴിക്കോട്ടെ പാലാട്ട് യുപി സ്കൂളില് 50 ലക്ഷം രൂപ ചെലവില് പുതിയ ക്ളാസ് മുറികള് ഉയരുകയാണ്.
