ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെയായിരുന്നു വിജിലന്‍സ് ഹൈക്കോടതയില്‍ അപ്പീല്‍ നല്‍കിയത്. 2015 ഒക്ടോബറില്‍ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഹാജരായത് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കപില്‍ സിബലായിരുന്നു. മൂന്ന് മണിക്കൂറോളം ഹൈക്കോടതിയില്‍ ഹാജരായതിന് സര്‍ക്കാര്‍‍ വക്കീല്‍ ഫീസായി നല്‍കിയത് 35,10,000 രൂപ. കപില്‍ സിബലിന്‍റെ ജൂനിയര്‍ അഭിഭാഷകനായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷയ്‌ക്ക് രണ്ട് ലക്ഷവും സര്‍ക്കാര്‍ നല്‍കി ആകെ 37,10,000 രൂപ ഖജനാവില്‍ നിന്ന് നല്‍കിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

മന്ത്രിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിനെതിരെ അന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഫീസായി കപില്‍ സിബലിന് എത്ര രൂപ നല്‍കിയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. 2015 നവംബറില്‍ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ വിവരാവകാശ നിയമപ്രകാരം വക്കീല്‍ ഫീസ് എത്രയെന്ന് ചോദിച്ചെങ്കിലും കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ് വിവരം മറച്ചുവെച്ചു. തുടര്‍ന്ന് മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉരത്തരവിന്റെ അടിസ്ഥാനത്താലാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിവരം മറച്ചുവെച്ചതിന് വിജിലന്‍സ് ഡയറക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ തീരുമാനിച്ചിട്ടുണ്ട്.