ക്ഷേത്ര പരിസരങ്ങളിലെ ആര്‍.എസ്.എസ് ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയം വ്യക്തമാക്കിയിരുന്നു . ആയുധ കായിക പരിശീലനം നിരോധിക്കണമെന്ന ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമ വകുപ്പ് അംഗീകരിച്ചതോടെയാണ് ഉത്തരവിറങ്ങാന്‍ കളമൊരുങ്ങിയത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടേയോ പ്രസ്ഥാനത്തിന്റെയോ പേരു പറയാതെയാണ് ഉത്തരവിറങ്ങുന്നത്. ആര്‍.എസ്.എസ് ശാഖകള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തി. ആര്‍.എസ്.എസിനെ കുറ്റം പറയുന്ന മന്ത്രിമാരും സി.പി.ഐ.എം നേതാക്കളും ഏത് ക്ഷേത്രത്തിലാണ് ആയുധ പരിശീലനം നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.