ബീഹാറില്‍ അനാഥാലയത്തില്‍ 34 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം
ദില്ലി: രാജ്യത്തെ വനിതാ-ശിശു സംരക്ഷണകേന്ദ്രങ്ങളുടെ കണക്കെടുക്കാനൊരുങ്ങി കേന്ദ്രമന്ത്രാലയം. 60 ദിവസത്തിനകം രാജ്യത്തെ 9,000ത്തിലധികം വരുന്ന സ്ഥാപനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിനാണ് വിവരശേഖരണത്തിന്റെ ചുമതല.
ബീഹാറില്‍ ശിശു സംരക്ഷണകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ തീരുമാനമെടുത്തിരിക്കുന്നത്. രാജ്യത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംരക്ഷണകേന്ദ്രങ്ങളില്‍ കുട്ടികളും സ്ത്രീകളും എങ്ങനെയാണ് കഴിയുന്നതെന്നും എന്തെല്ലാം തരത്തിലുള്ള സൗകര്യങ്ങളാണ് അവര്‍ക്ക് നിലവില്‍ ലഭിക്കുന്നതെന്നും സംഘം വിലയിരുത്തും. അതോടൊപ്പം തന്നെ ഇത്തരം കേന്ദ്രങ്ങള്‍ക്ക് വേണ്ടി പണം കണ്ടെത്തുന്ന എന്‍.ജി.ഒകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.
ഓരോ സംസ്ഥാനവും കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പുതിയ നിര്‍ദേശത്തോടൊപ്പം കേന്ദ്രമന്ത്രി മനേക ഗാന്ധി അറിയിച്ചു. നിര്‍ഭയ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി, ഇതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ ഫണ്ടും നല്‍കും. ശിശു സംരക്ഷണകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്നും, പുറംലോകമറിയാത്ത എത്രയോ സംഭവങ്ങള്‍ സമാനമായി നടക്കുന്നുണ്ടെന്നും മനേക ഗാന്ധി പറഞ്ഞു.
