കണ്ണൂരില്‍ ഒടുവില്‍ സര്‍വ്വകക്ഷി സമാധാന ചര്‍ച്ചക്ക് സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യും സംസ്ഥാനം ഭരിക്കുന്ന സി.പി.ഐ.എമ്മും കണ്ണൂരിനെ കുരുതിക്കളമാക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ കുറ്റപ്പെടുത്തി. ഇനി കൊല്ലില്ലെന്ന് കൊലപാതകം നടത്തുന്നവ‍ര്‍ തീരുമാനിച്ചാലേ സമാധാനമുണ്ടാകൂ എന്നായിരുന്നു ഇതിന് പിണറായിയുടെ മറുപടി. പിണറായി സാരോപദേശം നടത്തേണ്ടത് കണ്ണൂരിലെ പാര്‍ട്ടിക്കാരോടാണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രശ്നം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എല്ലാം ആര്‍.എസ്.എസ്സിന്റെ മേല്‍ കെട്ടിവെക്കേണ്ടെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ രാജഗോപാല്‍ പക്ഷേ സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. സമാധാന നീക്കം തുടരുമ്പോഴും സി.പി.ഐ.എം-ബി.ജെ.പി വാക്പോര് തുടരുകയാണ്. അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം മറ്റെന്നാള്‍ മുഖ്യമന്ത്രിയെ കാണുമെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. അതിനിടെ ഇന്ന് കണ്ണൂര്‍ പാനൂരില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ചു.