ദില്ലി: ബഹളത്തെ തുടര്‍ന്ന് മൂന്ന് മണിവരെ നിര്‍ത്തിവെച്ച രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നു. ബഹളത്തിനിടയില്‍ മുത്തലാഖ് ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് അനുമതി തേടി. ബില്ല് അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. ലോക്‍സഭയില്‍ ബില്ല് പാസ്സാക്കിയ ശേഷവും മുത്തലാഖ് നടന്നുവെന്നും മുസ്ലിം സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഇത് അത്യാവശ്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ആദ്യം മഹാരാഷ്‌ട്രയിലെ ദലിത് സമരം ചര്‍ച്ച ചെയ്ത ശേഷം മുത്തലാഖ് ചര്‍ച്ച ചെയ്യാമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അഭിപ്രായപ്പെട്ടത്. ബി.ജെ.പി സര്‍ക്കാര്‍ ദലിത് വിരോധികളാണെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ നോട്ടീസ് നല്‍കിയ ഈ വിഷയം അധ്യക്ഷന്‍ അനുവദിക്കുകയാണെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെ രവിശങ്കര്‍ പ്രസാദ് മുത്തലാഖ് ബില്ല് അവതരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ അത് മുങ്ങിപ്പോവുകയായിരുന്നു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് അവതരിപ്പിച്ച് അന്ന് തന്നെ പാസ്സാക്കിയെടുത്ത സര്‍ക്കാറിന് രാജ്യസഭയില്‍ വിചാരിച്ചത്ര എളുപ്പമല്ല കാര്യങ്ങള്‍.