തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ സ്വരം കടുപ്പിച്ച് സര്‍ക്കാര്‍. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകള്‍ ഇന്നുതന്നെ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. അല്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികള്‍, ആശുപത്രി മാനേജ്മെന്റുകള്‍ എന്നിവരുമായി തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാരാണ് ഇന്ന് ചര്‍ച്ച നടത്തിയത്. ചര്‍ച്ച നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും ഇന്നുതന്നെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ രണ്ട് മണിക്കൂറോളം തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്തു. തുടര്‍ന്ന് ഉദ്ദ്യോഗസ്ഥരും മാനേജ്മെന്റുകളും തമ്മില്‍ മിനിമം വേതനം സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണിപ്പോള്‍. ഇതില്‍ തീരുമാനമായ ശേഷം മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. മാനേജ്മെന്റുകള്‍ ധാരണയുണ്ടാക്കിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് വിജ്ഞാപനം പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയും 100 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ സര്‍വ്വീസിലേതിന് സമാനമായ ശമ്പളവും നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കേണ്ടത്.