തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല . ഇതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയെന്ന് സൂചന. അതേസമയം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സമാപന ചടങ്ങുകളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കേരളപ്പിറവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രിയെ ആയിരുന്നു . അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ക്കും ക്ഷണമുണ്ടായേനെ ഇതുമായി ബന്ധപ്പെട്ട് രാജ് ഭവനുമായി ആശയവിനിമയവും നടത്തിയിരുന്നു . എന്നാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ തന്നെ മറന്നു.

നിയമസഭയില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിലേക്ക് മാത്രമല്ല കേന്ദ്രമന്ത്രി പങ്കെടുക്കുന്ന രാജ്യത്തെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്കും ഗവര്‍ണര്‍ക്ക് ക്ഷണമില്ല . ഇതില്‍ ഗവര്‍ണര്‍ക്ക് അതൃപ്‍തിയുണ്ടെന്നാണ് സൂചന. അതിന്‍റെ ഭാഗമായി വൈകിട്ട് പോകാനിരുന്ന ചെന്നൈ യാത്ര രാവിലേക്ക് മാറ്റുകയും ചെയ്തു .

എന്നാല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളുടെ സമാപന ചടങ്ങിലേക്ക് ഗവര്‍ണറെ ക്ഷണിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാത്രവുമല്ല ഗവര്‍ണറെ ക്ഷണിക്കാന്‍ മറന്നത് മനസിലാക്കി അവസാനനിമിഷം ക്ഷണിക്കാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാലത് ഫലിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.