ബില്ല് തടഞ്ഞ് ഗവര്‍ണര്‍  സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ല

തിരുവനന്തപുരം: സര്‍ക്കാരിന് തിരിച്ചടിയായി നിര്‍ണ്ണായക ഇടപെടലുമായി ഗവര്‍ണര്‍. കണ്ണൂര്‍, കരുണ ബില്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചു. സഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവച്ചില്ല. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ബില്‍ സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വിലയിരുത്തല്‍. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നാളെ ബില്‍ അസാധുവാകും. 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.
ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

അതേസമയം, നിയമസഭ പാസാക്കിയ ബിൽ ഇന്നലെ രാത്രിയോടെ ഗവർണർക്ക് അയച്ചുവെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിവരം. എന്നാല്‍ ബില്‍ ഗവർണർക്ക് നൽകിയത് ഇന്ന് രാവിലെ ആയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ബില്ലിൽ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കണ്ടിരുന്നു. 

അതേസമയം ബില്ലുമായി മുന്നോട്ട് പോകുന്നതില്‍ സിപിഎമ്മിലും ഭിന്നതയുണ്ട്. കുട്ടികളുടെ ഭാവിയെ ചൊല്ലിയാണ് ബില്ലുമായി മുന്നോട്ടു പോകുന്നതെന്ന് വാദിക്കുമ്പോഴും, മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസുകൂടിയായ ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചാല്‍ സര്‍ക്കാറിന് അത് ധാര്‍മിക തിരിച്ചടിയാകും.