തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ചട്ടം ലംഘിച്ച് മുന്‍വര്‍ഷം നടന്ന മെഡിക്കല്‍ പ്രവേശനം സാധൂകരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ മടക്കി. പ്രവേശനം ചോദ്യം ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ് ഓര്‍ഡിനന്‍സിലൂടെ മറികടക്കാനാകുമോ എന്നാണ് ഗവര്‍ണ്ണര്‍ ചോദിച്ചത്. ഓര്‍ഡിനന്‍സില്‍ വ്യക്തത വേണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.
വഴിവിട്ട നടത്തിയ എംബിബിഎസ് പ്രവേശനം ക്രമപ്പെടുത്താന്‍ ശ്രമിച്ച സര്‍ക്കാറിന് വന്‍ തിരിച്ചടി. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ 150 സീറ്റിലെ പ്രവേശനം സാധൂകരിക്കാനായിരുന്നു ഓര്‍ഡിനന്‍സ്. ഒരു രേഖയും ഹാജരാക്കാതെയുള്ള പ്രവേശനത്തില്‍ വലിയ ക്രമക്കേട് കണ്ടെത്തിയാണ് ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയത്. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടും അനുകൂല വിധി ഉണ്ടായില്ല. ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ കണക്കിലെടുത്തെന്ന പേരിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കണ്ണൂരിലെ ചില ഇടത് നേതാക്കളുടെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയെ മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കാമോ എന്ന പ്രധാന സംശയം ഉന്നയിച്ചാണ് ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സ് മടക്കിയത്. റദ്ദാക്കപ്പെട്ടവരില്‍ മെറിറ്റ് ഉള്ളവരും ഉണ്ടെന്ന സര്‍ക്കാറിന്റെ വാദവും ഗവര്‍ണ്ണര്‍ ചോദ്യം ചെയ്യുന്നു. എല്ലാവര്‍ക്കും മെറിറ്റ് ഉണ്ടെന്ന് എങ്ങിനെ ഉറപ്പാക്കാനാകുമെന്നാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണ്ണറുടെ സംശയം. വ്യക്തത തേടിയുള്ള ഗവര്‍ണ്ണറുടെ കത്തില്‍ സര്‍ക്കാറിന്റെ മറുപടിയാണ് ഇനി പ്രധാനം. ഓര്‍ഡിനന്‍സ് ഇറക്കിയ സാഹചര്യത്തില്‍ കോഴയായി വാങ്ങിയ തുക തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ത്ഥികള്‍ ജെയിംസ് കമ്മിറ്റിയെ അടുത്തിടെ സമീപിച്ചിരുന്നു.
