തിരുവനന്തപുരം: ഡിജിപി സെൻകുമാറിനെതിരെ കടുത്ത നിലപാടുമായി സർക്കാർ. മോശമായി പെരുമാറിയെന്ന് ചൂണ്ടികാട്ടി പൊലീസ് ആസ്ഥാന എഡിജിപി തച്ചങ്കരി നൽകിയ പരാതിയിൽ സെൻകുമാറിനോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചു. പേഴ്സണൽ സ്റ്റാഫിലെ എഎസ്ഐയെ മാറ്റണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ഡിജിപിയുടെ ആവശ്യവും സർക്കാർ നിരസിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയതു മുതൽ സർക്കാരും സെൻകുമാറുമായി ഏറ്റുമുട്ടൽ തുടങ്ങിയതാണ്. പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടുമാരെ മാറ്റിയതിൽ തുടങ്ങിയതാണ് ഏറ്റമുട്ടൽ. ഡിജിപി തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും സർവ്വീസ് നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടികാട്ടി ടോമിൽ തച്ചങ്കരി നൽകിയ പരാതിയിൽ വിശദീകരണം ചോദിച്ചിക്കുകയാണ് ചീഫ് സെക്രട്ടറി. ഡിജിപി അറിയാതെ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും ഡിജിപിയുടെ ഉത്തരവിനെതിരെ ജൂനിയർ സൂപ്രണ്ടിനെ കൊണ്ട് പരാതി നൽകിയതുമായിരുന്നു സെൻകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് അറിവ്. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം തന്റ് പേഴ്സണൽ സ്റ്റാഫിലുള്ള ഗ്രേഡ് എഎസ്ഐയെ മാറ്റിയത് റദ്ദാക്കണണെന്ന സെൻകുമാറിന്റെ ആവശ്യം ആഭ്യന്തരസെക്രട്ടറി തള്ളുകയും ചെയ്തു. പേഴ്സണൽ സ്റ്റാഫിലുള്ള അനിൽകുമാറിനെ മാറ്റിയത് അസാധാരണ സംഭവമാണെന്നും എന്ത് പരാതയാണ് ഉള്ളതെന്ന് വ്യക്തമാക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടിരുന്നു . പക്ഷേ സർക്കാർ ഉത്തരവ് അടിയന്തരിമായ നടപ്പാക്കിയശേഷം സെൻകുമാറിന്‍റെ പരാതികള്‍ പരിശോധിക്കാമെന്നായിരുന്നു ആഭ്യന്തരസെക്രട്ടറിയുടെ മറുപടി. അനിൽകുമാറിനെ ഡിജിപി വിടാൻ തയ്യാറാറിയില്ലെങ്കിൽ തർക്കം മുറുകും. സർവ്വീസിൽ നിന്നും വിരമിക്കാൻ സെൻകുമാറിന് 17 ദിവസം മാത്രമാണ് ഇനി ബാക്കിയുള്ളത്.
