എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  ആറാട്ടുപുഴ സ്വദേശി രത്നകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. 

കൊച്ചി: രക്ഷാപ്രവർത്തനത്തിനിടെ വെള്ളം മറിഞ്ഞ് പരിക്കേറ്റ മത്സ്യബന്ധനത്തൊഴിലാളി രത്നകുമാറിന്റെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറാട്ടുപുഴ സ്വദേശി രത്നകുമാറിനെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.

വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ സന്തോഷിനെയും ഭാര്യയെയും രക്ഷിക്കാനുള്ള യാത്രയിൽ കഴിഞ്ഞ പതിനാറിനായിരുന്നു അപകടം. ശക്തമായ കുത്തൊഴുക്കിൽ രത്നകുമാ‍ര് സഞ്ചരിച്ച വള്ളം നിയന്ത്രണം വിട്ട് കവുങ്ങിൽ ഇടിച്ചു. മുറിഞ്ഞ കവുങ്ങിൻ കഷ്ണം രത്നകുമാറിന്റെ വയറ്റിൽ കുത്തിക്കയറി. ഗുരുതരമായി പരിക്കേറ്റിട്ടും ഒപ്പം ഉള്ളവരെ രക്ഷിച്ചു. 

വയറ്റിലും കാലിലും ഗുരുതരമായി പരിക്കേറ്റ രത്നകുമാറിന്റെ ദുരവസ്ഥ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തു വന്നത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബുദ്ധിമുട്ട് മനസിലാക്കിയതോടെയാണ് സംസ്ഥാന സർക്കാർ രത്നകുമാറിന്റെ തുടർചികിത്സാ ചെലവ് ഏറ്റെടുത്തത്. മത്സ്യബന്ധനതൊഴിലാളിയായ രത്നകുമാറിന് ആറ് മാസത്തെ വിശ്രമം വേണ്ടി വരും. അത് വരെ എങ്കിലും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം