ദില്ലി: കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. മെയ് 23ന് ഇറക്കിയ ഉത്തരവാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിജ്ഞാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. വിജ്ഞാപനത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് ഉത്തരവ് പിന്‍വലിച്ചത്.
കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നിരുന്നു. വിജ്ഞാപനം വന്ന ഉടനെ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി കശാപ്പ് ശാലകളാണ് അടച്ചുപൂട്ടിയത്. എന്നാല്‍ കേരളം, ബംഗാള്‍, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധമാണ് സംഘടിപ്പിക്കപ്പെട്ടത്.
കന്നുകാലികളെ അറവുശാലകള്‍ക്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് 2017 മെയ് 23നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. അതേസമയം ഭക്ഷണസ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തു വന്നിരുന്നു. മേഘാലയയിലെ ബിജെപിയുടെ രണ്ട് ജില്ലാ പ്രസിഡന്റുമാരടക്കം അയ്യായിരത്തോളം പേരാണ് കേന്ദ്ര വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ പാര്‍ട്ടി വിട്ടത്. ബിജെപിയുടെ അഞ്ച് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. നേരത്തെ ബിജെപി വിട്ട നേതാവ് ബീഫ് പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
