കോഴിക്കോട്: ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോഴിക്കോട്ട് വിനോദ സ‍ഞ്ചാര വകുപ്പ് ആഘോഷപൂര്‍വ്വം സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു. സംഭവത്തില്‍ മന്ത്രിയെ വിമര്‍ശിച്ച് മത്സ്യതൊഴിലാളികള്‍ രംഗത്തെത്തി.

കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മനോഹര വേദിയിലായിരുന്നു പരിപാടി. വാദ്യമേളങ്ങളോടെ മന്ത്രിയേയും വിശിഷ്ടാത്ഥികളേയും ആനയിച്ചു.അതിന് മുന്‍പേ വേദിയും പരിസരവും സംഗീത സാന്ദ്രമായിരുന്നു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിലവിളക്ക് കൊളുത്തി പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു. അപ്പോഴും സംഗീതം തുടര്‍ന്നു. ഓഖിയില്‍ തീരദേശം ദുരന്തം നേരിടുമ്പോഴാണ് കോഴിക്കോട് കടപ്പുറത്ത് സര്‍ക്കാറിന്‍റെ ആഘോഷം.

പരിപാടി ഇങ്ങിനെയൊക്കെയാണെങ്കിലും ആഘോഷ ഒഴിവാക്കിയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഒഴിവാക്കാനാവാത്തതിനാലാണ് പരിപാടി സംഘടിപ്പിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓഖി ദുരന്തത്തിന് ഇരയായവരുടെ കണ്ണീരിനെ കുറിച്ചും മന്ത്രി വേദിയില്‍ എറെ നേരം പ്രസംഗിച്ചു.

കടല്‍ഭിക്തിപോലും ഇല്ലാതെ തീരത്തെ മത്സ്യതൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍ കഴിയുമ്പോഴാണ് തീരം മനോഹരമാക്കാന്‍ കോടികള്‍ പൊടിച്ചുള്ള പദ്ധതികളുമായി വിനോദസഞ്ചാര വകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. മലബാറിന്‍റെ വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമാണ് നാല് കോടി ചെലവില്‍ കള്‍ച്ചറ ല്‍ സോണ്‍ നിര്‍മ്മിക്കുന്നത്.