തോട്ടം ഹാരിസന്റേതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും വിധി തിരിച്ചടിയല്ലെന്നുമാണ് റവന്യു മന്ത്രിയുടെ ആദ്യ പ്രതികരണം ഹാരിസണിൽ പഴികേട്ട യുഡിഎഫും കോടതി വിധി ആയുധമാക്കി സര്‍ക്കാറിനെതിരെ രംഗത്തെത്തി കഴിഞ്ഞു.   

കൊച്ചി/തിരുവനന്തപുരം: ഹാരിസണ് അനുകൂലമായ ഹൈക്കോടതി വിധിയോടെ കേസ് നടത്തിപ്പിലെ വീഴ്ചയും വൻകിട കുത്തകകളുമായുള്ള ഒത്തുകളിയും അടക്കമുള്ള ആരോപണങ്ങളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. വിധി തിരിച്ചടിയല്ലെന്നും നിയമവശങ്ങൾ പരിഗണിക്കുമെന്നും റവന്യു മന്ത്രി പറയുന്പോഴും റവന്യു കേസുകൾ കൈകാര്യം ചെയ്തിരുന്ന സര്‍ക്കാര്‍ സ്പെഷ്ൽ പ്ലീഡര്‍ ശുശീലാ ഭട്ടിനെ മാറ്റിയ തീരുമാനം മുതലുള്ള വീഴ്ചകൾ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കും

തോട്ടം ഹാരിസന്റേതെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും വിധി തിരിച്ചടിയല്ലെന്നുമാണ് റവന്യു മന്ത്രിയുടെ ആദ്യ പ്രതികരണം. നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. അതേസമയം കേസ് നടത്തിപ്പിലെ വീഴ്ചയടക്കമുള്ള ആരോപണങ്ങൾ സര്‍ക്കാറിനെ പിൻതുടരും. ഒന്നുമറിയാത്ത സര്‍ക്കാര്‍ പ്ലീഡര്‍മാരാണ് കേസ് വാദിച്ചതെന്നും തോല്‍വി ചോദിച്ച് വാങ്ങിയതാണെന്നും മുൻ സ്പെഷ്യൽ സര്‍്ക്കാര്‍പ്ലീഡറായിരുന്ന ശുശീലാ ഭട്ട് തന്നെ ആരോപിച്ചു കഴിഞ്ഞു.

2016 ജൂലൈ 16 നാണ് റവന്യു വകുപ്പിന്റെ കേസുകൾ കൈകാര്യം ചെയ്തിരുന്ന സ്പെഷ്യൽ സര്‍ക്കാര്‍ പ്ലീഡറായിരുന്ന ശുശീലാ ഭട്ടിനെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. ഹാരിസണ്‍ ടാറ്റ അടക്കം വൻകിട കുത്തകകകൾക്കെതിരെയ പല കേസുകളിലും സര്‍ക്കാറിനെ വിജയിപ്പിച്ച ഭട്ടിന്റെ സ്ഥാന ചലനം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു . ഭൂമി സംബന്ധിച്ച കേസുകളും രേഖകളും വിശദമായി പഠിച്ച് രാജമാണിക്യം തയ്യാറാക്കിയ റിപ്പോര്‍ട്ടിൽ തുടര്‍നടപടി കോടതി വിധിയോടെ അനിശ്ചിതത്വത്തിലായി. വൻകിട തോട്ടം ഏറ്റെടുക്കുന്നതടക്കം നടപടികളും പ്രതിസന്ധിയിലാണ് . ഹാരിസണിൽ പഴികേട്ട യുഡിഎഫും കോടതി വിധി ആയുധമാക്കി സര്‍ക്കാറിനെതിരെ രംഗത്തെത്തി കഴിഞ്ഞു.