കോവളം കോളിയൂരിൽ എഴുപതടി ഉയരമുള്ള പ്ലാവിൽ കയറിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ഫയർഫോഴ്സും ആദ്യമെത്തിയ പാമ്പുപിടിത്തക്കാരനും പരാജയപ്പെട്ടതിനെ തുടർന്ന് മരച്ചില്ല മുറിച്ച് പാമ്പിനെ താഴെയിറക്കുകയായിരുന്നു.
തിരുവനന്തപുരം: കോവളം കോളിയൂരിൽ മരത്തിൽ കയറിയ മൂർഖനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ മരംമുറിച്ച് ചാക്കിലാക്കി. കോളിയൂർ സ്വദേശി ശിവപ്രകാശിന്‍റെ വീട്ടിലായിരുന്നു സംഭവം. വീട്ടിലെ നായയെ കണ്ടു ഭയന്ന മൂർഖൻ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമീപത്തെ പ്ലാവിലേക്ക് കയറുകയായിരുന്നു. ഇതു കണ്ട വീട്ടുകാർ പാമ്പ് പിടിത്തക്കാരനെ അറിയിച്ചു. ഇയാളെത്തിയെങ്കിലും ഉയരത്തിലുള്ള മരത്തിൽ മുകളിൽ കയറാൻ സാധിച്ചില്ല. പിന്നാലെ ഫയർഫോഴ്‌സിന്റെ സഹായം തേടി.
ഫയർഫോഴ്സ് എത്തി ലാഡർ ഉപയോഗിച്ചെങ്കിലും പാമ്പ് കൂടുതൽ മുകളിലേക്ക് കയറി. എഴുപതടിയോളം ഉയരത്തിലെത്തിയതോടെ, ആദ്യം വന്ന പാമ്പ് പിടിത്തക്കാരൻ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഫയർഫോഴ്സ‌് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട് വാവാ സുരേഷിനെ വിവരം അറിയിച്ചു. സുരേഷ് എത്തി ഏറെ ശ്രമിച്ചിട്ടും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് മരം മുറിച്ച് ചില്ലയോടെ പാമ്പിനെ താഴെയിറക്കുകയായിരുന്നു. ആറടി നീളമുള്ള മൂർഖന് 13 വയസ് പ്രായമുണ്ട്. താഴെയിറക്കിയതിന് പിന്നാലെ വാവ സുരേഷ് പാമ്പിനെ സുരക്ഷിതമായി കൊണ്ടുപോയി.


