വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ ബാബു, അദാനി പോർട്സ് ലിമിറ്റഡ് തുടങ്ങിയ എതിർ കക്ഷികൾ വിശദീകരണം നൽകണം. സംസ്ഥാന സർക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്നും ഡിവിഷൻ ബഞ്ച് നിർദേശം നൽകി. കരാര്‍ പരിശോധിക്കാനുള്ള സിഎജിയുടെ അധികാരം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നൽകി.
വിഴിഞ്ഞം കരാര്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ട്. ഇത് ഭരണഘടന വിഭാവനം ചെയ്ത അധികാരമാണ്. സിഎജി റിപ്പോർട്ടിന്മേല്‍ നടപടിയെടുക്കേണ്ടത് നിയമസഭയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എംകെ സലിം ആണ് ഹൈക്കോടതിയെ സമീപിച്ചത്.
