തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ല. വിവരാവകാശകമ്മീഷണറുടെ ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിലപാട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് എം പോളിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ വിവരാവകാശ കമ്മീഷണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കോടതിയിലേക്ക് നീളുകയാണ്. വിവരാവകാശ കമ്മീഷണറുടെ കീഴിലും അഭിഭാഷകരുള്ള സാഹചര്യത്തില്‍ അവരും കോടതിയിലേക്ക് പോകും. ഇങ്ങനെയാണെങ്കില്‍ വലിയൊരു ഏറ്റുമുട്ടലിനായിരിക്കും ഹൈക്കോടതിയില്‍ കളമൊരുങ്ങുക. ജനുവരി ഒന്നു മുതല്‍ മൂന്നു മാസത്തേക്കുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കടുംവെട്ട് തീരുമാനങ്ങള്‍ ഉള്‍പ്പടെയുള്ളവ, വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കണമെന്നതാണ് മുഖ്യവിവരാവകാശ കമ്മീഷണറുടെ ശ്രദ്ധേയമായ ഉത്തരവ്. ഇതിനെതിരെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ സര്‍ക്കാര്‍ പറയുന്നത് രണ്ടു ന്യായങ്ങളാണ്. സാങ്കേതികമായ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭായോഗം പരിഗണിക്കുന്ന വിഷയങ്ങളില്‍ ഏതൊക്കെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും എന്നത് സംബന്ധിച്ച് വ്യക്തത കുറവുണ്ട്. രണ്ടാമത് മന്ത്രിസഭാ വിഷയം ഒരു കാര്യം ചര്‍ച്ച ചെയ്തു തീരുമാനിച്ചാലും അത് അന്തിമമാകണമെന്നില്ല. മറ്റു വകുപ്പുകളുടെ അംഗീകാരം കിട്ടയതിന് ശേഷം മാത്രമെ മന്ത്രിസഭായോഗ തീരുമാനമായി വരുകയുള്ളു. ചില സാഹചര്യത്തില്‍ ഈ തീരുമാനം വീണ്ടും മാറിയേക്കാം. അതുകൊണ്ടുതന്നെ അവ മന്ത്രിസഭായോഗ തീരുമാനം എന്ന നിലയ്‌ക്കു പുറത്തുവിടാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

നിലവിലെ അവസ്ഥയില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്ളവയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മുന്‍ നിലപാടില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉറച്ചുനില്‍ക്കുന്നതോടെ കേസ് ഹൈക്കോടതിയില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അങ്ങനെയെങ്കില്‍ രാജ്യം തന്നെ ശ്രദ്ധിക്കുന്ന ഒരു കേസായി ഇത് മാറുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.