ഇടുക്കി: ആത്മഹത്യ ചെയ്ത നിലയില്‍ കൊണ്ടുവന്ന സ്ത്രീയുടെ മൃതദേഹത്തോട് ആശുപത്രി അധികൃതര്‍ അവഗണന കാട്ടിയതായി പരാതി. മൂവാറ്റുപുഴ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ മേക്കടമ്പ് കിഴക്കേ തൊട്ടിയില്‍ പ്രമോദിന്റെ ഭാര്യ ശ്രുബിയുടെ മൃതദഹമാണ് ആശുപത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിച്ചത്.
കഴിഞ്ഞ ദിവസം രണ്ടു മണിയോടെയാണ് ശ്രുബിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാതെ മൃതദേഹം മാറ്റിയിട്ടു. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പലതവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
അഞ്ചുമണിയോടെ പോസ്റ്റുമോട്ടം നടത്താന്‍ കഴിയില്ലെന്നും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാമെന്നും അറിയിച്ചു. എന്നാല്‍ അരമണിക്കൂറിലധികം പല താക്കോല്‍ ഉപയോഗിച്ച് ശ്രമിച്ചിട്ടും മോര്‍ച്ചറിയുടെ ഗേറ്റ് തുറക്കാനായില്ല. ഇതിനിടെയെത്തിയ മഴയില്‍ മൃതദേഹം നനയുകയും ചെയ്തു. തുടര്‍ന്ന് പൊലീസിടപെട്ട് മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പോസ്റ്റു മോര്‍ട്ടം വൈകിയതെന്നാണ് ആശുപത്രി അധികതര്‍ പറയുന്നത്. സംഭവം സംബന്ധിച്ച് ഡിഎംഒയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
