കൊച്ചി: ഫോൺ കെണിക്കേസിൽ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. ഹർജിക്കാരിയായ മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമെന്ന് സർക്കാർ വ്യക്തമാക്കി.
അതേസമയം ശശീന്ദ്രനെതിരായ പരാതി പിൻവലിച്ച യുവതിയുടെ നടപടി സ്ത്രീകൾക്ക് മുഴുവൻ മാനക്കേടാണെന്ന് മഹാലക്ഷ്മി പറഞ്ഞു. അതുകൊണ്ടാണ് ഹർജി നൽകിയത്. ഹർജിയിൽ കക്ഷി ചേരാൻ ഒരു മാധ്യമ പ്രവർത്തകനും സർക്കാർ അഭിഭാഷകനും അപേക്ഷ നൽകിയിട്ടുണ്ട്. എന്നാല്‍ ഇത് അനുവദിക്കരുതെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുള്ളപ്പോൾ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്‌കോടതി റദ്ദാക്കിയെന്നും കേസിന്റെ മുൻഗണന ക്രമം മറികടന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മഹാലാക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
