ചില നിയമവിദഗ്ധരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. അപ്പീൽ പോകണമെന്നാവശ്യവുമായി ഏതെങ്കിലും ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരുടെ സംഘടനയോ ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ നിയമ സെക്രട്ടറിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം അന്തിമ നിലപാടെടുക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.  

കൊച്ചി: ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കാൻ സർക്കാർ അപ്പീൽ നൽകില്ല. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തിപരമായ പരാർശങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്. സർക്കാർ തലത്തിലും ഉന്നത ഉദ്യോഗസ്ഥർക്കിടയിലും ഇക്കാര്യത്തില്‍ ധാരണയായി. 

ശബരിമലയിലെ നിരോധാനാജ്ഞ പിൻവലിക്കണമെന്നവശ്യപ്പെട്ടുള്ള ഹ‍ർജികള്‍ പരിഗണിക്കവേയാണ് ഐജി വിജയ് സാക്കറെ, എസ്പി യതീഷ് ചന്ദ്ര എന്നിവർ‍ക്കെതിരെ കോടതിയുടെ വാക്കാല്‍ പരാമർശമുണ്ടായത്. നിരോധനാജ്ഞ ഏ‌ർപ്പെടുത്തിക്കൊണ്ടുള്ള മലയാളത്തിലെ ഉത്തരവ് ശബരിമലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മനസ്സിലായിട്ടുണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്രിമനൽ പശ്ചാത്തലമുള്ളവരല്ലാതെ മറ്റ് ഉദ്യോഗസ്ഥരെ എന്തുകൊണ്ട് നിയോഗിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. 

പക്ഷെ ഈ പരാമർശങ്ങളൊന്നും ഡിവിഷൻ ബെഞ്ചിൻറെ ഇടക്കാല ഉത്തരവിൽ ഇല്ല. മലയാള ഭാഷാ പ്രാവീണ്യമില്ലെങ്കിൽ ഇംഗീഷിലേക്ക് നിരോധനാജ്ഞ ഉത്തരവ് പരിഭാഷപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥർ അന്ത:സത്ത മനസ്സിലാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവിൽ ആരുടേയും പേരെടുത്ത് പറയാത്ത സാഹചര്യത്തിൽ വാക്കാൽ പരാമ‍ർശത്തിനെതിരെ കോടതിയിൽ പോകേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലുണ്ടായ ധാരണ. 

ചില നിയമവിദഗ്ധരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. അപ്പീൽ പോകണമെന്നാവശ്യവുമായി ഏതെങ്കിലും ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥരുടെ സംഘടനയോ ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ നിയമ സെക്രട്ടറിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം അന്തിമ നിലപാടെടുക്കുമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. 

അതിനിടെ ശബരിമലയിൽ നിലവിലുള്ള സുരക്ഷാ ക്രമീകരണം തുടരും. സന്നിധാനത്തും പമ്പയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ 3450 പൊലീസുകാരുണ്ടാകും. ഐജിമാരായ ബെൽറാം കുമാർ ഉപാധ്യായ സന്നിധാനത്തും പി.വിജയൻ പമ്പയിലും 30 മുതലുണ്ടാകും. നിലവിൽ പമ്പയുടെ ചുമതല ഐജി മനോജ് എബ്രഹാമിനാണ്. ജോയിൻറെ ചീഫ് കോ-ഓർഡിനേറ്റർ എന്ന നിലയിൽ മനോജ് എബ്രഹാം 30ന് ശേഷവും തുടരും. എസ്പിമാരായ മജ്ഞുനാഥും, വി.അജിത്തുമാകും സന്നിധാനത്ത്. ബി.അശോകും, ഹിമേന്ദ്രനാഥും പമ്പയിലും, എംകെ പുഷ്ക്കരനും പി.എസ്.സാബുവിനും നിലയ്ക്കലിലും ചുമതലുണ്ടാകും. 28 മുതൽ ഘട്ടംഘട്ടമായി ഇപ്പോഴുള്ള പൊലീസുദ്യോഗസ്ഥരെ പിൻവലിച്ച് പുതിയ ചുമതലക്കാരെ എത്തിക്കും,