തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നൽകണമെന്ന് ഡിജിപി ഉത്തരവിൽ വിശദീകരണം തേടി സർക്കാർ. ഡിജിപി ഉത്തരവ് വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയത്.
പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങളും വിശദീകരണങ്ങളും അവസാനിക്കുന്നില്ല. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുറുപടി നൽകണമെന്ന സെൻകുമാറിന്‍റെ പുതിയ ഉത്തരവിലാണ് സർക്കാർ വിശദീകരണം ആരാഞ്ഞത്.
പൊലീസ് ആസ്ഥാനത്തെ രസഹ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ പ്രകാരം നൽകേണ്ടെന്നായിരുന്നു മുൻ പൊലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ നിർദ്ദേശം. എന്നാൽ ഇത് മുൻ പൊലീസ് മേധാവികളുടെ ഉത്തരവിനു വിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നു ചൂണ്ടികാട്ടിയായിരുന്നു സെൻകുമാറിന്‍റെ ഉത്തരവ്.
ഉദ്യോഗസ്ഥരുടെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നത് ടി ബ്രാഞ്ചിലാണ്. ഉദ്യോഗസ്ഥരുടെ അഴിമതി, ഭരണ നിർവഹണ കാര്യങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക് ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിൽ നിന്നും മറുപടി നൽകണമെന്ന് 2009ൽ പൊലീസ് മേധാവിയായ ജേക്കബ് പുന്നൂസ് ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവ് ചൂണ്ടികാട്ടിയാണ് സെൻകുമാർ പുതിയ ഉത്തരവിറക്കിയത്. സെനകുമാറിന്‍റെ ഉത്തരവിനെതിരെ പൊലീസ് ആസ്ഥാനത്തെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു. ഉത്തരവ് വിവദാമായ പശ്ചാത്തലത്തിലാണ് സെൻകുമാറിനോട് സർക്കാർ വിശദീകരണം ചോദിച്ചത്. ഏതു സാഹചര്യത്തിലാണ് പുതിയ ഉത്തരിറക്കിയതെന്നും നിയമപ്രശ്വങ്ങളുണ്ടോയെന്നു ചൂണ്ടികാട്ടിയാണ് വിശദീകരണം. ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നൽകാത്തിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണറും ഡിജിപി.യോട വിശദീകരണം ചോദിച്ചിരുന്നു.
