തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടുമെന്ന് സര്‍ക്കാര്‍. ബോര്‍ഡ് നിയമം ലംഘിച്ചുവെന്നും തന്ത്രിയെ പോലും അറിയിച്ചില്ലെന്നും ദേവസ്വം മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീരുമാനം തെറ്റാണെങ്കില്‍ സര്‍ക്കാറിന് തിരുത്താമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലക്ഷേത്രത്തിന്റെ പേര് മാറ്റം വിവാദത്തില്‍ . ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി കഴിഞ്ഞമാസം ആറിനാണ് ദേവസ്വം ബോര്‍!ഡ് ഉത്തരവിറക്കിയത്. ബോര്‍ഡിനെ രൂക്ഷമായാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ദേവസ്വം മന്ത്രി വിമര്‍ശിച്ചത്. പേര് മാറ്റാന്‍ ബോര്‍ഡിന് അധികാരമില്ല, നിയമംലംഘിച്ചെടുത്ത തീരുമാനം രഹസ്യമാക്കി. അവലോകനയോഗങ്ങളിലൊന്നും ഇക്കാര്യം അറിയിക്കാനുള്ള സാമാന്യമര്യാദപോലും ബോര്‍ഡ് പ്രസിഡണ്ട് കാണിച്ചില്ലെന്നും കടകംപള്ളി കുറ്റപ്പെടുത്തി

സര്‍ക്കാറിനോട് ആലോചിക്കാതെ ബോര്‍ഡിന് പേര് മാറ്റത്തില്‍ തീരുമാനമെടുക്കാമെന്ന് ഇന്നലെ പറഞ്ഞ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഇന്ന് നിലപാട് മാറ്റി. ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഒരുപാടുണ്ട് എന്ന കാരണം പറഞ്ഞാണ് പേരുമാറ്റുന്നതെന്നാണ് ഉത്തരവില്‍ വിശദീകരിച്ചത്. എന്നാല്‍ സ്ത്രീപ്രവേശനകേസുമായി ബന്ധപ്പെട്ടാണ് പേര് മാറ്റമെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. ബോര്‍ഡിന് കീഴിലെ മറ്റ് ധര്‍മ്മശാസ്താ ക്ഷേത്രങ്ങളില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. പേര് മാറ്റം സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി പരിഗണനയിലുള്ള കേസിനെ പോലും സ്വീധാനിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു.