സംസ്ഥാനത്തൊട്ടാകെ 90 വിപണന കേന്ദ്രങ്ങളാണ് റംസാനോട് അനുബന്ധിച്ച് സപ്ലൈകോ തുറക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി നിരക്കില്‍ 12 അവശ്യസാധനങ്ങള്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പൊതുവിപണിയില്‍ കിലോയ്ക്ക് 148 രൂപയുള്ള മുളകിന് 75 രൂപയാണ് സപ്ലൈകോയുടെ വില. 140 രൂപ വിലയുള്ള തുവര പരിപ്പ് 65 രൂപയ്ക്കും ഉഴുന്നുപരിപ്പ് 66 രൂപയ്ക്കും ലഭിക്കും. ചെറുപയര്‍, കടല, മല്ലി തുടങ്ങി തെരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് പത്ത് മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്.

റംസാന്‍ വിപണിയോട് ചേര്‍ന്ന് ഹോര്‍ട്ടി കോര്‍പ്പും സ്റ്റാളുകള്‍ തുടങ്ങിയിട്ടുണ്ട്. പയര്‍, വെണ്ട, പാവയ്ക്ക, കാരറ്റ്, തക്കാളി തുടങ്ങി 15 ഇനം പച്ചക്കറികള്‍ക്കുള്ള 30 ശതമാനം സബ്‌സിഡി, അടുത്ത മാസം ആറുവരെ നീട്ടി. മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയും റംസാന്‍ വിപണിയോട് ചേര്‍ന്ന്സ്റ്റാള്‍ തുറന്നു. 10 ശതമാനം വരെ വിലക്കുറവിലാണ് മാംസവും മാംസോത്പന്നങ്ങളും എംപിഐ നല്‍കുന്നത്.