തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വിവാദ ഉത്തരവുകളില്‍ വീണ്ടും മന്ത്രിതല പരിശോധനക്ക് പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനം. ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയ ഉത്തരവുകള്‍ അതത് വകുപ്പുകളോട് പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. എകെ ബാലന്‍ ഉപസമിതി റിപ്പോര്‍ട്ടില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗവും തീരുമാനമെടുത്തില്ല.

കടുംവെട്ട് തീരുമാനങ്ങളിലെ തുടര്‍നടപടികള്‍ നീളുന്നു. മെത്രാന്‍കായല്‍, കടമക്കുടി, ഹോപ് പ്‌ളാന്റേഷന്‍ കൈമാറ്റം 115 ഉത്തരവുകളാണ് പരിശോധിച്ചത്. ചട്ടവിരുദ്ധമെന്ന് എ കെ ബാലന്‍ സമിതി കണ്ടെത്തിയ തീരുമാനങ്ങളില്‍ വീണ്ടും മന്ത്രിതല പരിശോധന നടത്തും. അതാത് വകുപ്പുകള്‍ പരിശോധിക്കണം. ചില വിവാദ തീരുമാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ തന്നെ റദ്ദാക്കിയിരുന്നു. ചട്ടം ലംഘിച്ചുള്ള തീരുമാനങ്ങളില്‍ വകുപ്പുകള്‍ക്ക് തന്നെ ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണമടക്കം ആവശ്യപ്പെടാം. ചില ഉത്തരവുകള്‍ സാങ്കേതിക പിഴവുകള്‍ കൊണ്ട് മാത്രമാണ് വിവാദത്തിലായത് ഇത്തരം ഉത്തരവുകള്‍ നടപടികള്‍ ശരിയാക്കി ക്രമപ്പെടുത്താവുന്നതാണോ എന്ന് പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്. ഒരു മാസത്തിനുള്ളില്‍ പരിശോധിച്ച് മന്ത്രിസഭക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് ധാരണ.

ചില തീരുമാനങ്ങള്‍ ചട്ടം ലംഘിച്ചുള്ളതാണെന്ന് അടുത്തിടെ സിഎജിയും കണ്ടെത്തിയിരുന്നു. പിണറായി സര്‍ക്കാറിന്റെ ആദ്യമന്ത്രിസഭാ യോഗമാണ് വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതി ഉണ്ടാക്കിയത്. കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഒമ്പത് മാസം പിന്നിട്ടിട്ടും തുടര്‍ നടപടി നീളുകയാണ്.